തന്മന്ജീത് സിംഗ് ദേശി ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ തലപ്പാവ് ധാരിയും പ്രീത് കൗര്‍ ഗില്‍ ആദ്യ സിക്ക് വനിതയുമാണ്
ലണ്ടൺ: യുകെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂർത്തിയായപ്പോൾ രണ്ട് ഇന്ത്യൻ വംശജർ കൂടി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തന്മന്ജീത് സിംഗ് ദേശി, പ്രീത് കൗര്‍ ഗില്‍ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജരായ എംപിമാർ. ഇതിൽ തന്മന്ജീത് സിംഗ് ദേശി ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ തലപ്പാവ് ധാരിയും പ്രീത് കൗര്‍ ഗില്‍ ആദ്യ സിക്ക് വനിതയുമാണ്.
നേരത്തെ യുകെ പാരലമെന്റിൽ ഇന്ത്യന്‍ വംശജരായ 10 എംപിമാരാണ് ഉണ്ടായിരുന്നത്. അഞ്ച് പേര് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരും അഞ്ച് പേര് ലേബര്‍ പാര്‍ട്ടിക്കാരുമായിരുന്നു. ഇവരെല്ലാവരും ഇക്കുറിയും വിജയം ആവര്‍ത്തിച്ചു. ഇതോടെ പാര്‍ലമെന്റിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം 12 ആയി ഉയരുകയായിരുന്നു. ലേബര്‍ പാര്‍ട്ടി പ്രതിനിധികളായാണ് ദേശിയും, ഗില്ലും പാര്‍ലമെന്റിലെത്തുന്നത്.
ദേശി സ്ലോഗില്‍ നിന്നും ഗില്‍ ബിര്‍മിംഗ്ഹാം എഡ്ജ്ബാസ്റ്റണില് നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അമ്പതിലേറെ ഇന്ത്യൻ വംശജരാണ് ഇക്കുറി യുകെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നത്.
അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കോ, എതിര് സ്ഥാനാര്‍ത്ഥി ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ യുകെയിൽ തൂക്കുസഭയായിരിക്കും ഉണ്ടാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.